ചരിത്രം

മോയിൻകുട്ടി വൈദ്യർക്ക് അദ്ദേഹത്തിന്റെ ജന്മദേശത്ത് ഒരു സ്മാരകം നിർമ്മിക്കുകയെന്നത് കേരളത്തിലുടനീളമുള്ള മാപ്പിളപ്പാട്ട് സ്‌നേഹികളുടെ മനസിൽതാലോലിച്ചിരുന്ന ഒരു വലിയ സ്വപ്നമായിരുന്നു. പ്രമുഖ എഴുത്തുകാർ, കവികൾ, സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയക്കാർ തുടങ്ങിയവർ ഈ ആവശ്യം പലകോണുകളിൽ നിന്നും ഉയർത്തുകയുണ്ടായി. ടി. ഉബൈദ്, പി.എ. സൈത് മുഹമ്മദ്, എൻ.പി. മുഹമ്മദ്, വൈക്കം മുഹമ്മദ് ബഷീർ, ഒ. ആബു, സി.എച്ച്. മുഹമ്മദ് കോയ, പാണക്കാട് പൂക്കോയ തങ്ങൾ, പുലിക്കോട്ടിൽ ഹൈദർ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, കെ.കെ. മുഹമ്മദ് അബ്ദുൽ കരീം, വി.എം. കുട്ടി, കൊരമ്പയിൽ അഹമ്മദ് ഹാജി, ചാക്കീരി അഹമ്മദ് കുട്ടി, എം.എൻ. കാരശ്ശേരി, ആസാദ് വണ്ടൂർ തുടങ്ങി മറ്റു അനേകരും ഇതിൽ ഉൾപ്പെടുന്നു. 

മോയിൻകുട്ടി വൈദ്യർക്ക് ഒരു സ്മാരകമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചത് 1972-ലെ സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ്. അദ്ദേഹം മുൻകൈയെടുത്ത് സയ്യിദ് ഉമർ ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ ആദ്യ സ്മാരക കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. 1975-79 കാലഘട്ടത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായിരുന്നു കമ്മിറ്റി. 1989-ൽ ചാക്കീരി അഹമ്മദ് കുട്ടി ചെയർമാനായി കമ്മിറ്റി പുന:സംഘടിപ്പിക്കുകയുണ്ടായി. 1992-ൽ കൊരമ്പയിൽ അഹമ്മദ് ഹാജി കമ്മിറ്റി തലവനാകുകയും പാലക്കാട് കോഴിക്കോട് റോഡ്‌സൈഡിൽ കൊണ്ടോട്ടിക്കും തുറക്കലിനുമിടയിൽ പാണ്ടിക്കാട് എന്ന സ്ഥലത്തെ 87 സെന്റ്  പി.ഡബ്ല്യു.ഡി. പുറമ്പോക്ക് സ്ഥലം സർക്കാറിൽ നിന്ന് സൗജന്യമായി സംഘടിപ്പിച്ചു. സ്മാരകമെന്ന സ്വപ്നത്തിന് വിലങ്ങുതടിയായി നിന്നിരുന്ന വലിയൊരു തടസ്സം ഇതോടെ നീങ്ങുകയുണ്ടായി.1993-ൽ എം.എൻ.കാരശ്ശേരി  ചെയർമാനായി രൂപീകരിച്ച വിദഗ്ധസമിതി സ്മാരകം നിർമ്മിക്കുന്നതിനുവേണ്ടി വിശദമായ ഒരു പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി സാംസ്ക്കാരിക വകുപ്പിന് സമർപ്പിച്ചു.

 അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ 1994 ഡിസംബർ 24-ന് സ്മാരക കെട്ടിടത്തിന് തറക്കല്ലിടുകയും നിർമ്മാണത്തിനായി കാബിനറ്റ് 25 ലക്ഷം രൂപ പാസാക്കുകയും ചെയ്തു. എൻ.എം. സലീം ആണ് പ്രൊജക്ടിന്റെ വാസ്തുശിൽപി. നിർമ്മാണത്തിനുള്ള ബാക്കി തുക ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സംഭാവനയായി സ്വീകരിച്ചു. 1999 ജൂൺ 13-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മഞ്ഞളാംകുഴി അലിയായിരുന്നു കമ്മിറ്റിയുടെ ചെയർമാൻ. ഇ.കെ. മൊയ്തീൻകുട്ടി മാസ്റ്റർ ആയിരുന്നു സെക്രട്ടറി. 2002 മാർച്ച് 22 ന് കൊരമ്പയിൽ അഹമ്മദ് ഹാജി ചെയർമാനായും ആസാദ് വണ്ടൂർ സെക്രട്ടറിയായും വീണ്ടും കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 2003 മെയ് 12-ന് കൊരമ്പയിൽ അഹമ്മദ് ഹാജി മരണപ്പെട്ടു. കെ.എൻ.എ. ഖാദർ എം.എൽ.എ. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 2007-ൽ ടി.കെ. ഹംസ ചെയർമാനും ബഷീർ ചുങ്കത്തറ സെക്രട്ടറിയും റസാഖ് പയമ്പ്രോട്ട് ജോയിന്റ് സെക്രട്ടറിയുമായുള്ള കമ്മിറ്റി ചുമതലയേറ്റു. 2011-ൽ സി.പി. സൈതലവി ചെയർമാനും ആസാദ് വണ്ടൂർ സെക്രട്ടറിയും എ.കെ. അബ്ദുറഹിമാൻ വൈസ് ചെയർമാനും കെ.വി. അബൂട്ടി ജോയിന്റ് സെക്രട്ടറിയുമായുള്ള കമ്മിറ്റി ചുമതലയേറ്റു. 

കമ്മിറ്റിയുടെ ശ്രമഫലമായി സ്മാരകം അക്കാദമിയായി ഉയർത്തുകയുണ്ടായി  (ജി.ഒ.(എം.എസ്) 8/2013/സി.എ.ഡി., തിയ്യതി 08/02/2013). 2016 ഒക്‌ടോബർ 4-ന് ടി.കെ. ഹംസ ചെയർമാനും റസാഖ് പയമ്പ്രോട്ട് സെക്രട്ടറിയും കെ.വി. അബൂട്ടി വൈസ് ചെയർമാനും ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ ജോയിന്റ് സെക്രട്ടറിയുമായുള്ള കമ്മിറ്റി  ചുമതലയേറ്റു