വിദ്യാഭ്യാസം

പ്രാദേശിക പള്ളിദർസുകളിൽനിന്നും മതപരമായ വിഷയങ്ങളിൽ പഠനം നടത്തി. വണ്ടൂർ ജമാഅത്ത് പള്ളിയിൽ നിന്നാണ് അദ്ദേഹം മതപഠനം പൂർത്തിയാക്കിയത്. വൈദ്യകുടുംബത്തിൽ അംഗമായിരുന്ന അദ്ദേഹം പിതാവിൽനിന്നും മറ്റു പണ്ഡിതൻമാരിൽ നിന്നുമായിരുന്നു സംസ്‌കൃതം പഠിച്ചത്. പ്രാദേശിക കവിയും പണ്ഡിതനുമായിരുന്ന ചുള്ളിയൻ ബീരാൻകുട്ടിയിൽനിന്നാണ് വൈദ്യർ തമിഴ് ഭാഷയും സാഹിത്യവും പഠിച്ചത്. വൈദ്യരുടെ കാലത്ത് നിസാമുദ്ദീൻ മിയയെപ്പോലുള്ള ധാരാളം പ്രമുഖ പേർഷ്യൻ പണ്ഡിതൻമാരുണ്ടായിരുന്നു ‘തഖിയ’യിൽ. പേർഷ്യൻ, ഹിന്ദുസ്ഥാനി ഭാഷകളിലെ അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനുമായ നിസാമുദ്ദീൻ പേർഷ്യൻ പഠനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേക ശിക്ഷണം.

പ്രാദേശിക പാരമ്പര്യ മലയാളം പണ്ഡിതനായിരുന്ന വേലു എഴുത്തഛനിൽനിന്നാണ് വൈദ്യർ മലയാളം, സംസ്‌കൃതം എന്നിവ പഠിച്ചത്. കന്നഡ, തെലുങ്ക് ഭാഷകളിലും അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന്. മോയിൻകുട്ടി വൈദ്യർ ചികിത്സാ രംഗത്തെ അന്ന് ലഭ്യമായിരുന്ന ക്ലാസിക്കൽ സാഹിത്യ രചനകളും ‘അഷ്ടാംഗഹൃദയം’, ‘ചരക’, ‘സുശ്രുത’, ‘മേഘസന്ദേശം’,’രാമായണ’, ‘കൃഷ്ണഗാഥ’, ‘മഹാഭാരത’, ‘കൃഷ്ണലീല’ ‘തുള്ളൽ’ തുടങ്ങിയവയും പഠിച്ചിരുന്നു. അദ്ദേഹത്തിന് പരന്നവായനയും നിസാമുദ്ദീൻ മിയ, തമിഴ് പുലവർ പണ്ഡിതൻമാരും കവികളുമായിരുന്ന അബൂബക്കർ പുലവർ, ഹംസ ലബ്ബ, അബ്ദുൽ മാജിദ് മസ്താൻ, അബ്ദുൽ ഖാദർ മസ്താൻ, ഗുണംകുടി മസ്താൻ തുടങ്ങിയവരുമായുണ്ടായിരുന്ന ബന്ധവും അദ്ദേഹത്തിന്റെ കവിതാരചനകളുടെ വളർച്ചക്ക് കാരണമായി.  അദ്ദേഹത്തിന്റെ രചനകൾ ഇൻഡോ-പേർഷ്യൻ പാരമ്പര്യത്തിന്റെയും ഐതിഹ്യങ്ങളുടെയും കഥകളുടെയും ജീവിക്കുന്ന ഉദാഹരണങ്ങളാണ്. അദ്ദേഹത്തിന് ഹിന്ദുസ്ഥാനി രാഗങ്ങളിലും തമിഴ്, ദ്രാവിഡ രാഗങ്ങളിലും അവഗാഹമുണ്ടായിരുന്നു.

തലയഞ്ചേരി ഫാത്തിമക്കുട്ടിയെയാണ് മോയിൻകുട്ടി വൈദ്യർ വിവാഹം ചെയ്തത്. അവർക്ക് മൂന്ന് മക്കളാണുണ്ടായിരുന്നത്. മൂത്ത മകൻ ചെറുപ്പത്തിൽതന്നെ മരിച്ചു. രണ്ടാമത്തെ മകൻ അഹമ്മദ് കുട്ടി  വൈദ്യർ 1879-ലാണ് ജനിച്ചത്. അദ്ദേഹം കവിയെന്ന പേരിൽ പ്രസിദ്ധനാകുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന് മക്കളില്ലായിരുന്നു. മോയിൻകുട്ടി വൈദ്യരുടെ മകൾ കുഞ്ഞാമിനക്കും മക്കളില്ലായിരുന്നു. അതിനാലാണ് മോയിൻകുട്ടി വൈദ്യർക്ക് നേരിട്ടുള്ള കുടുംബ പരമ്പര ഇല്ലാതായത്. അദ്ദേഹത്തിന്റെ സഹോദരൻമാരും മറ്റു കുടുംബാംഗങ്ങളും കൊണ്ടോട്ടിയിലും മറ്റു പ്രദേശങ്ങളിലും ഇപ്പോഴുമുണ്ട്. മോയിൻകുട്ടി വൈദ്യരുടെ തൂലികാനാമം ‘ഫയ്യൽ ത്വബീബ്’ (ഒരു വൈദ്യരുടെ മകൻ). ഹിജ്‌റ വർഷം 1309 ഷഹ്ബാൻ 13 നാണ്(1892 മാർച്ച് 12) അദ്ദേഹം മരണപ്പെട്ടത്.