കൊണ്ടോട്ടി: മത-ദേശ ചിന്തകള്‍ക്കപ്പുറം മനുഷ്യരെ ഒന്നായി കാണാനുള്ള സാര്‍വ ലൗകിക മാനവ സന്ദേശമാണ് സൂഫിസം പ്രദാനം ചെയ്യുന്നതെന്ന് ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍. കുറുപ്പ്. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച സൂഫി സൗഹൃദം ഇന്ത്യന്‍ സാഹചര്യത്തില്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി ചിന്തയും അസമത്വവും നിറഞ്ഞ ഇന്ത്യന്‍ സാഹചര്യത്തില്‍ സൂഫികളുടെ സര്‍വരോടും സമാധാനം (സുല്‍ ഹെ കുല്‍) എന്ന സമീപനം ഏറെ സ്വാധീനം ചെലുത്തി. ഭക്തി പ്രസ്ഥാനവുമായി ചേര്‍ന്ന് രാജ്യത്ത് മത സൗഹാര്‍ദ്ദം സ്ഥാപിക്കുന്നതിനും നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന്റെ ബീജവാപത്തിനും സൂഫിസം വഴിവെച്ചു. മതകാലുഷ്യം നിറഞ്ഞ വര്‍ത്തമാന സാഹചര്യത്തില്‍ സൂഫിസം ഏറെ പ്രസക്തമാണെന്നും ഡോ. കുറുപ്പ് പ്രസ്താവിച്ചു. ചടങ്ങില്‍ ടി.കെ. ഹംസ അധ്യക്ഷനായി. ഡോ. ഹുസൈന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. മാപ്പിള സാഹിത്യത്തെക്കുറിച്ചുള്ള പഠനത്തിനുള്ള ശൈഖ് സൈനുദ്ദീന്‍ അവാര്‍ഡ് ഡോ. പി. സക്കീര്‍ ഹൂസൈന് ഡോ. കുറുപ്പ് സമ്മാനിച്ചു. ഡോ. അനില്‍ ചേലേമ്പ്ര, ഡോ. കെ.കെ. മുഹമ്മദ് അബ്ദുല്‍സത്താര്‍, പ്രൊഫ. എ.പി. സുബൈര്‍, ഇ.എം. ഹാഷിം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ആനക്കച്ചേരി മൂസ ഹാജി സ്വാഗതവും ഇഖ്ബാല്‍ കോപ്പിലാന്‍ നന്ദിയും പറഞ്ഞു.