മോയിൻകുട്ടി വൈദ്യരുടെ ക്ലാസിക് കൃതികൾ

ഹുസ്‌നുൽ ജമാൽ ബദറുൽ മുനീർ

മോയിൻകുട്ടി വൈദ്യർ തന്റെ 20-ാമത്തെ വയസിലാണ് പ്രമുഖ കൃതിയായ ‘ഹുസ്‌നുൽ ജമാൽ ബദറുൽ മുനീർ’ രചിച്ചത്. വളരെ ചെറുപ്രായത്തിൽ ആത്മ സുഹൃത്തുക്കളായിരുന്ന രാജാവിന്റെ മകളും (ഹുസ്‌നുൽ ജമാൽ) മന്ത്രിയുടെ മകനും (ബദറുൽ മുനീർ) തമ്മിലുള്ള അഗാധമായ പ്രണയ കഥയാണ് കൃതിയുടെ ഇതിവൃത്തം. എന്നാൽ വളർന്നുവരുന്ന അവരെ ആചാരങ്ങളും പാരമ്പര്യവും പരസ്പരം കാണുന്നതിനും മറ്റും എതിരായി. പിന്നീട് നിർബന്ധപൂർവ്വം അവരെ ഓരോരുത്തരെയും മാറ്റിനിർത്തുകയും ചെയ്തു. അവർ രഹസ്യമായി കാണുകയും രാജകുടുംബത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് അകലെ ഒരു രാജ്യത്തേക്ക് നാടുവിടുകയും സ്വന്തമായി ഒരു ജീവിതം നയിക്കുന്നതിനും തീരുമാനിച്ചു. നിർഭാഗ്യവശാൽ ഈ രഹസ്യ കൂടിക്കാഴ്ചയും സംസാരവും അബൂസയ്യാദ് എന്ന മീൻപിടിത്തക്കാരൻ കാണുന്നുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അബൂസയ്യാദ് ഹുസ്‌നുൽ ജമാലിനെ ചതിയിൽ വീഴ്ത്തി. ഇതോടെ ഹുസ്‌നുൽ ജമാലും ബദറുൽ മുനീറും പരസ്പരം വേർപെടുകയും കാണാതാവുകയും ചെയ്തു. ഈ കഥയുടെ അവസാനം അവർ നേരിട്ട എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളും തരണംചെയ്യുകയും വിവാഹിതരാകുകയും ചെയ്യുന്നതാണ്. 

ഈ കഥ പല ഗവേഷകരും പലവിധത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. ചിലർ ഇതൊരു അഗാധമായ പ്രണയകഥയായിട്ടാണ് പരിഗണിച്ചത്. പുന്നയൂർക്കുളം വി. ബാപ്പവിനെപ്പോലെയുള്ള കവികളും ഗവേഷകരും ഇതിനെ ഒരു സൂഫിപാതയിലുള്ള പ്രണയമെന്ന രീതിയിലാണ് വ്യാഖ്യാനിച്ചത്. പേർഷ്യൻ ഗവേഷകനായ നിസാമുദ്ദീൻ മിയയിൽ നിന്നാണ് ഹുസ്‌നുൽ ജമാൽ ബദറുൽ മുനീർ കൃതിയുടെ മൂലകഥ വൈദ്യർക്ക് ലഭിക്കുന്നത്. പേർഷ്യൻ ഉറുദു സാഹിത്യത്തിൽ ഈ കഥ ആദ്യമേ പ്രസിദ്ധമായിരുന്നു. എൺപത്തിയഞ്ച് ഇശലുകളാണ് ഇതിലുള്ളത്. 

ബദർ പടപ്പാട്ട്(1876): 

അറേബ്യയിൽ നടന്ന പ്രശസ്തമായ ബദർ യുദ്ധത്തിന്റെ കഥയാണ് ഈ കാവ്യം. പ്രവാചകൻ മുഹമ്മദും ശത്രുക്കളും തമ്മിൽ മക്കയിൽ വെച്ച് നടന്ന ആദ്യത്തെ യുദ്ധമാണിത്. പ്രവാചകനെ സംബന്ധിച്ചിടത്തോളം ജീവൻമരണ പോരാട്ടമായിരുന്നു.  ആത്മീയമായി ഉയർത്തിപ്പിടിച്ച തത്വങ്ങളുടെ തെറ്റും ശരിയും തമ്മിലുള്ള യുദ്ധമായിരുന്നു ഇത്.

മലബാറിൽ ബ്രിട്ടീഷ് ആധിപത്യം കൊടുംപിരികൊള്ളുന്ന സമയത്താണ് വൈദ്യർ ബദർപടപ്പാട്ട് രചിക്കുന്നത്. മലബാർ മുക്കാൽ ഭാഗവും ബ്രിട്ടീഷ് ഭരണത്തിലായിരുന്നു. മാപ്പിള സ്വാധീനവും ബ്രിട്ടീഷ് സ്വാധീനത്തിലുള്ള ജന്മിമാരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കാലഘട്ടമായിരുന്നു അത്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയും ജന്മിത്വത്തിനെതിരെയുമുള്ള പാവപ്പെട്ടവരുടെ പോരാട്ടങ്ങൾക്ക് ബദർപടപ്പാട്ട് ഉൾപ്രേരകമായി. ഖിസ്സപ്പാട്ട് സംഘത്തിന്റെ അഥവാ  പാടിപ്പറയൽ സംഘത്തിന്റെ ശ്രമഫലമായി മലബാറിന്റെ മുക്കിലും മൂലയിലും ബദർപാട്ട് പ്രസിദ്ധമായി. 

ബദർ പടപ്പാട്ടിന്റെ ഈണം ജാതിമത ഭേദമന്യേ തൊഴിലാളികളുടെയും ഖലാസികളുടെയും ചുമട്ടുതൊഴിലാളികളുടെയും ഇടയൻമാരുടെയും ചുണ്ടുകളിൽ സാധാരണമായിരുന്നു. അടിച്ചമർത്തപ്പെട്ടവർക്കും സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കും ചൂഷിതർക്കും ബദർ പടപ്പാട്ട് ആശ്വാസമായിരുന്നു. കൊളോണിയലിസത്തിനെതിരെയും ജന്മിമാർക്കെതിരെയും സമരം ചെയ്യുന്ന കർഷകരുടെ ധർമവീര്യം ബദർപടപ്പാട്ട്  ഉയർത്തി. ഇത് എല്ലാവർക്കും ഒരു ആശ്വാസമായിരുന്നു. 

നൂറ്റി നാൽപത് പേജുകളിലുള്ള ബദർ പടപ്പാട്ടിൽ നൂറ്റി ആറ് പാട്ടുകളാണുള്ളത്. മുഹ്‌യിദ്ദീൻ മാല കഴിഞ്ഞാൽ മാപ്പിളമാരുടെ ഇടയിൽ പ്രസിദ്ധം ബദർ പടപ്പാട്ടാണ്. കഴിഞ്ഞ നൂറ്റി നാൽപത് വർഷത്തിനിടയിൽ ആയിരക്കണക്കിന് കോപ്പികളാണ് പ്രസിദ്ധീകരിച്ചത്. 

ഉഹ്ദ് പടപ്പാട്ട് (1879): 

വൈദ്യർ തന്റെ ഇരുപത്തിയേഴാം വയസ്സിൽ ഹിജ്‌റ 1879-ൽ  രചിച്ച മറ്റൊരു കൃതിയാണ് ഉഹ്ദ് പടപ്പാട്ട്. അറേബ്യൻ മുസ്‌ലിംകൾ പരാജയപ്പെട്ട ഒരു യുദ്ധമായിരുന്നു ഉഹ്ദ്. കൊളോണിയലിസത്തിനെതിരെയും ജന്മിമാർക്കെതിരെയും സമരം ചെയ്യുന്ന മാപ്പിള പോരാളികൾ നിരന്തരം പരാജയപ്പെട്ടിരുന്ന സമയത്താണ് വിശ്വാസികൾക്കുവേണ്ടി പരാജയത്തിന്റെ ഈ കാവ്യം വൈദ്യർ രചിക്കുന്നത്. ഉഹ്ദ് പടപ്പാട്ട് നേതൃപാഠവത്തിന്റെയും അച്ചടക്കത്തിന്റെയും സംഘാടനത്തിന്റെയും ആസൂത്രണത്തിന്റെയും നല്ല പാഠങ്ങളാണ് അവർക്ക് നൽകിയത്. 

മലപ്പുറം പടപ്പാട്ട്(1883):

 1883 ജനുവരി 13-നാണ് വൈദ്യർ മലപ്പുറം പടപ്പാട്ട് പൂർത്തീകരിച്ചത്. 1885-ൽ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു.  മാപ്പിള കർഷകരും പാറനമ്പിയെന്ന പ്രാദേശിക മുഖ്യനും തമ്മിലുള്ള സമരമാണ് ഇതിന്റെ ഇതിവൃത്തം. 1728 മാർച്ച് ഒമ്പതിനാണ്  ഏറ്റുമുട്ടൽ നടന്നത്. വിവിധ പ്രദേശങ്ങളിൽ നേരിട്ട് പോയി പഠിച്ചാണ് ഈ രചനക്കുവേണ്ട വിവരങ്ങൾ അദ്ദേഹം ശേഖരിച്ചത്. ഏറെക്കാലം അദ്ദേഹം മലപ്പുറത്തും യുദ്ധത്തിന് ഇരകളായവരുടെയും മരണപ്പെട്ടവരുടെബന്ധുക്കളുടെയും കൂടെ ചെലവഴിച്ചു. മലപ്പുറം പടപ്പാട്ട് അല്ലെങ്കിൽ മദിനിദി മാല 68 ഇശലുകളും നാല് വമ്പും ഒരു കുതിരചാട്ടവും ഉൾക്കൊള്ളുന്നതാണ്. 

19-ാം നൂറ്റാണ്ടിൽ നടന്ന മാപ്പിള കലാപങ്ങളിലും 1921-ലെ മലബാർ ലഹളക്കും മലപ്പുറം പടപ്പാട്ടിന് പ്രധാന പങ്കാണുള്ളത്. പൂക്കോട്ടൂർ രക്തസാക്ഷികളിൽ നിന്നും ബ്രിട്ടീഷ് അധികാരികൾക്ക് മലപ്പുറം പടപ്പാട്ടിന്റെ കോപ്പികൾ ലഭിച്ചിരുന്നു. കൊളോണിയൽ അധികാരികൾ മലപ്പുറം പടപ്പാട്ടിന്റെ’പാടിപ്പറയൽ'(പടപ്പാട്ടുകൾ അവതരിപ്പിക്കുന്നത്) പരിപാടികൾ മലബാറിലെ മാപ്പിള ആധിപത്യമുള്ള  മേഖലകളിൽ നടത്തുന്നത് നിരോധിച്ചിരുന്നു. മോയീൻകുട്ടി വൈദ്യരുടെ കൃതികൾക്ക് പൊതുജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. ആ കാലഘട്ടത്തിലെ എല്ലാവർക്കിടയിലും സമുദായഭേദമില്ലാതെ വൈദ്യരുടെ പടപ്പാട്ടുകളും മറ്റു രചനകളും പ്രസിദ്ധമായിരുന്നു. 

വൈദ്യരുടെ മറ്റു കാവ്യ രചനകൾ

  1. ഹിജ്‌റ കാവ്യം: മോയിൻകുട്ടി വൈദ്യർക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്ന കൃതിയാണിത്. 26 ഇശലുകളാണ് വൈദ്യർ രചിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഉണ്ണിമമ്മദ് വൈദ്യരാണ്  ഈ കൃതി പൂർത്തീകരിച്ചത്. മക്കയിലെ ഖുറൈഷികളുടെ എതിർപ്പുകളിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി മക്കയിൽ നിന്നും മദീനയിലേക്കുള്ള പ്രവാചകൻ മുഹമ്മദിന്റെ പ്രസിദ്ധമായ ‘ഹിജ്‌റ'(പലായനം)യാണ് കാവ്യത്തിന്റെ പേര്. 
  2. എലിപ്പട(എലികളുടെ യുദ്ധം) : 13-ാം വയസ്സിൽ കുട്ടികൾക്കുവേണ്ടിയാണ് ഈ കാവ്യം അദ്ദേഹം രചിച്ചത്. 
  3. സലീഖത്ത് പട : പതിനാലാം വയസ്സിൽ രചിച്ചു.
  4. കറാമത്ത് മാല : 15-ാം വയസ്സിൽ രചിച്ചു. വൈദ്യരുടെ വഴികാട്ടിയും മാതൃകാപുരുഷനുമായ ഷെയ്ക് ഇഷ്തിയാഖ് ഷാ തങ്ങളുടെ പ്രകീർത്തനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. 
  5. സലാസീൽ പട : പ്രസിദ്ധ ഗവേഷകനും സൂഫിയും കൊണ്ടോട്ടി തഖിയ ജുമാമസ്ജിദ് ഖാസിയുമായിരുന്ന മുസ്‌ലിയാരകത്ത് കോയാമുട്ടി മുസ്‌ലിയാരിൽ നിന്നാണ് ഈ കഥയുടെ ഇതിവൃത്തം വൈദ്യർക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ 18-ാം വയസ്സി (1870)ലാണ് ഇത് രചിക്കപ്പെട്ടത്. 
  6. നർത്തകിയോട് : കോഴിക്കോട് സാമൂതിരി രാജാവിന്റെ കൊട്ടാരം വിരുന്നിൽ നൃത്തം അവതരിപ്പിച്ച നർത്തകിയുടെ ഹൃദ്യമായ അവതരണത്തിൽ  വൈദ്യർ ആകൃഷ്ടനായി അവിടെവെച്ചു തന്നെ നടത്തിയ രചനയാണിത്. 

കൂടാതെ കത്തുപാട്ടുകൾ, കെസ്സുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കോൽക്കളിപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ എന്നിവയും മഹാകവിയാൽ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ അധികവും പ്രസിദ്ധീകരിക്കപ്പെടാതെ പഴയ തലമുറയുടെ ഓർമകളിൽ മാത്രമാണ് ജീവിച്ചത്.