മഹാകവി മോയിൻകുട്ടി വൈദ്യർ

മഹാകവി മോയിൻകുട്ടി വൈദ്യർ ഉണ്ണിമമ്മദ് വൈദ്യരുടെയും കുഞ്ഞാമിനയുടെയും മകനായി 1852-ൽ കൊണ്ടോട്ടിയിൽ ഓട്ടുപാറക്കുഴി ആലുങ്ങക്കണ്ടിയിൽ ജനിച്ചു. കൊണ്ടോട്ടിയിലും മറ്റു പല സ്ഥലങ്ങളിലും പാരമ്പര്യ ആയൂർവേദ ചികിത്സ ജീവിതോപാധിയാക്കിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മേഖലയിലെ ഒരു പ്രഗത്ഭനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിതാമഹൻ ഉണ്ണിമോയിൻ വൈദ്യർ പ്രഗത്ഭ ആയുർവേദ ചികിത്സകനായിരുന്നു. ഉണ്ണിമോയിൻ വൈദ്യരുടെ മൂന്ന് മക്കളിൽ  ഉണ്ണിമമ്മദ് മൂത്ത മകനായിരുന്നു. അവരുടെ മൂത്തമകനായിരുന്നു മഹാകവി മോയിൻകുട്ടി വൈദ്യർ.  

ഉണ്ണിമമ്മദ് വൈദ്യരും കുടുംബവും കൊണ്ടോട്ടി തങ്ങൾ കുടുംബത്തിന്റെ ചികിത്സകരായിരുന്നു. ചെറുപ്രായത്തിൽ തന്നെ മോയിൻകുട്ടി തങ്ങൾ കുടുംബത്തിന്റെ പ്രധാന കേന്ദ്രമായ തഖിയായിൽ തന്റെ പിതാവിന്റെ സഹായിയായി ഉണ്ടാകുമായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ മോയിൻകുട്ടി ഗാനങ്ങൾ രചിക്കാനും പാടാനും തുടങ്ങിയിരുന്നു. ശൈഖ് ഇശ്തിയാഖ് ഷാ ഒരിക്കൽ അത്തരത്തിൽ ഒരു പാട്ട് കേൾക്കാനിടയായി. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെടുകയും മോയിൻകുട്ടിയെ അനുമോദിക്കുകയും ചെയ്തു. വലിയ തങ്ങൾ വ്യക്തിപരമായി അഭിനന്ദിക്കുകയും ചെയ്തു. തങ്ങൾ പറഞ്ഞു: ”മോയിൻകുട്ടി കവിതകൾ രചിക്കുകയും എല്ലാ ദിവസവും വൈകുന്നേരത്തെ അസർ നമസ്‌കാരത്തിന് ശേഷം (വൈകുന്നേരത്തെ പ്രാർത്ഥന) എന്റെ സാന്നിധ്യത്തിൽ അവതരിപ്പിക്കുകയും ചെയ്യുക. എന്റെ മരണശേഷം എന്റെ ശവകുടീരത്തിലും നീ ഇതുപോലെ തുടരുക”. 

ഇതെല്ലാം മോയിൻകുട്ടിയുടെ സാഹിത്യരചനയുടെ ആരംഭമായിരുന്നു. പിന്നീട് അദ്ദേഹത്തിന്  തിരിഞ്ഞുനോക്കേണ്ടിവന്നില്ല, സാഹിത്യരചന യുവ കവിയുടെ ആവേശമായിമാറി. ഇത് അറബി മലയാള ഭാഷാരംഗത്ത് വലിയ ക്ലാസിക്കൽ സൃഷ്ടികൾക്ക് കാരണമായി. ഹുസ്‌നുൽ ജമാൽ(1872), ബദറുൽ കുബ്‌റാ(1876), ഉഹ്ദ് പടപ്പാട്ട്(1878), മലപ്പുറം പടപ്പാട്ട്(1883) തുടങ്ങിയവയും അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിയാത്ത ഹിജ്‌റ(1892)യും, വൈദ്യർ കൃതികളാൽ പ്രമുഖമാണ്. ഹിജ്‌റ 1892-ൽ 40-ാം വയസ്സിൽ മോയിൻകുട്ടിവൈദ്യരുടെ മരണശേഷം വൈദ്യർക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയ ഹിജ്റ എന്ന കാവ്യം അദ്ദേഹത്തിന്റെ പിതാവ് ഉണ്ണിമമ്മദ് പൂർത്തീകരിച്ചു.