കൊണ്ടോട്ടി: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, എസ് എസ് എ കൊണ്ടോട്ടി ബി ആര്‍ സി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അക്കാദമിയിലെ ടി എ റസാഖ് തിയേറ്ററിലും ഓഡിറ്റോറിയത്തിലുമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദ്യശ്യാദരം എന്നു പേരിട്ട ഡോക്യുമെന്ററി പ്രദര്‍ശനം ടി വി ഇബ്രാഹിം എം എല്‍ എ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ടി കെ ഹംസ അധ്യക്ഷത വഹിച്ചു. പരിമിതികളെ മറികടന്ന് സ്വന്തം കഴിവുകള്‍ മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച് സാമൂഹിക പ്രതിബദ്ധതയോടെ മാതൃകാപരമായി ജീവിക്കുന്ന സാമൂഹിക സാക്ഷരതാ പ്രവര്‍ത്തക കെ.വി. റാബിയ മുഖ്യാതിഥിയായി. ഉദ്ഘാടനത്തോടനുബന്ധിച്ച് റാബിയ ഒരു ഫീനിക്‌സ് പക്ഷി, മഹാകവി മോയിന്‍കുട്ടി വൈദ്യരെക്കുറിച്ച് പി.ആര്‍.ഡി. നിര്‍മ്മിച്ച ഡോക്യുമെന്ററി തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു. രാവിലെ 10.30നും ഉച്ചതിരിഞ്ഞ് 2.30നും വിദ്യാര്‍ത്ഥികള്‍ക്കും പകല്‍ 12നും 4നും പൊതുജനങ്ങള്‍ക്കുമാണ് പ്രവേശനം. മഹാന്മാരെക്കുറിച്ച് പി ആര്‍ ഡി നിര്‍മ്മിച്ച ഡോക്യുമെന്ററികളാണ് പ്രദര്‍ശിപ്പിക്കുന്നത്. മുന്‍കൂട്ടി പേരുചേര്‍ത്ത 50 പേര്‍ക്ക് വീതമായിരിക്കും സൗജന്യ പ്രവേശനം. ഉദ്ഘാടന ദിവസം 250 പേര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ക്കായി ഓപ്പണ്‍ ഫോറവും നടന്നു.